Haridas Maash
ഒരു ചെറുകഥ: Haridas Maash
മലഞ്ചെരുവിലെ മൺപാതയിലുടെ ഉണ്ണി കുട്ടൻ ഓടി. ഇടവപ്പാതി അവന്റെ കയ്യിലുള്ള പഴയ കുടയിൽ തട്ടി പിന്നെയും പല പാതികളായി. കാറ്റിനെയും മഴയെയും തോൽപിച്ച് അവൻ ഹരിദാസ് മാഷിന്റെ വീട്ടിൽ എത്തി.
മതിലിനോട് ചേർന്ന് കുറേ വണ്ടികൾ ചീട്ടുകൾ അടുക്കിവെച്ച പോലെ മുട്ടിയിരുമ്മി നിർത്തിയിട്ടിരിക്കുന്നു. മുറ്റത്ത് മാഷിന്റെ നീല സ്കൂട്ടർ കഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ട്. കുറച്ച് പഴക്കമുണ്ടെങ്കിലും മാഷിന്റെ ഇഷ്ടവാഹനമാണ്. അതിൽ ഭാര്യയുമായ് ചുറ്റിക്കറങ്ങിയതിന്റെയും മകനെ ഡ്രൈവിംഗ് പഠിപ്പിച്ചതിന്റെയും കഥകൾ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട് മാഷ്. അതു പറയുമ്പോൾ മാഷിന്റെ കണ്ണുകൾ വെള്ളാരം കല്ലുകൾ പോലെ തിളങ്ങും. മാഷിന്റെ കുടുംബം പത്തിരുപത് വർഷത്തോളമായി വേറെ എവിടെയോ ആണ്. ഒരു സൗന്ദര്യപ്പിണക്കത്തിൽ ആയിരുന്നു തുടക്കം.
മാഷ് ഒറ്റയ്ക്കാണ്. ആകെ കൂട്ട് ജമ്പോ എന്ന് പേരുള്ള ഒരു ജർമ്മൻ ഷെപ്പേർഡ് . അവൻ സ്കൂട്ടറിനോട് ചേർന്ന് നിലത്ത് ചുരുണ്ടുകൂടി കിടക്കുന്നു. തൊട്ടടുത്ത് മാഷ് വരച്ചുപേക്ഷിച്ച ചില പെയിന്റിങ്ങുകൾ.
മുറ്റത്ത് നിരവധി ആളുകൾ. സ്കൂളിലെ അദ്ധ്യാപകർ, കുട്ടികളുടെ രക്ഷിതാക്കൾ, നാട്ടുകാർ, പൊതുപ്രവർത്തകർ അങ്ങനെയങ്ങനെ.
പലരും അങ്ങോട്ടുമിങ്ങോട്ടും ഒരേയൊരു ചോദ്യം : " മാഷ് എന്തിന് ഇത് ചെയ്തു?". ചിലരുടെ "എങ്ങനെ" എന്ന ചോദ്യത്തിനുള്ള ഉത്തരം അവിടെയാകെ മുഴങ്ങിക്കേട്ടു - " അതിരാവിലെ വീടിനു തൊട്ടടുത്തുള്ള അരുവിയിലേക്ക് ചാടുകയായിരുന്നത്രേ മാഷ്. പത്രം ഇടാൻ വരുന്ന ചേട്ടനാണ് കണ്ടത്."
പ്രകൃതിയെയും കവിതളെയും കുട്ടികളെയും ഒരുപാട് സ്നേഹിച്ച മാഷ്... സ്കൂളിലെ കായികാദ്ധ്യാപകൻ. അഭ്യാസം കഴിഞ്ഞുള്ള വിശ്രമവേളകളിൽ ഒരു പാട് കഥകളും കവിതകളും പറഞ്ഞു തരും മാഷ്. ഉണ്ണി പതുക്കെയൊന്ന് വിതുമ്പി.
പലരും മാഷിനെ റീത്തുകൾ കൊണ്ട് പൊതിയുന്നു. സഹപാഠികൾ പലരും ഉണ്ട് ചുറ്റിലുമായി. തലേന്നാൾ മാഷ് പഠിപ്പിച്ചു തന്ന കവിത പെട്ടെന്ന് ഉണ്ണിയുടെ മനസ്സിലേക്ക് ഓടിയെത്തി. ഇന്നത്തെ ക്ലാസ്സിൽ പാടി കേൾപ്പിച്ചാൽ സമ്മാനമുണ്ടെന്ന് പറഞ്ഞിരുന്നു മാഷ്. രാവിലെ കൂടി ഓർക്കാൻ ശ്രമിച്ചു തോറ്റു പോയതാണ്. പക്ഷേ ഇപ്പോൾ എവിടെ നിന്നെന്നില്ലാതെ ഒഴുകിയെത്തുന്നു.
ആൾക്കൂട്ടത്തിൽ നിന്നും ചിലർ വിളിച്ചു പറഞ്ഞു - "ഇനി ആരും വരാനില്ലെങ്കിൽ നമുക്ക് എടുക്കാം."
ആകെ ഒരു മൂകത. ഉണ്ണി മെല്ലെ മാഷിന്റെ അടുത്ത് ചെന്നു നിന്നു. എന്നിട്ട് മാഷ് പഠിപ്പിച്ച "താരാപഥമേ മായാജാലമേ".... എന്നു തുടങ്ങുന്ന കവിത ചൊല്ലി. സമ്മാനം വാങ്ങാനല്ല , പക്ഷേ മാഷിനെ കേൾപ്പിക്കാൻ . കേട്ടു നിന്ന പലരും കണ്ണീർ വാർത്തു. നേരത്തെ വിളിച്ചു പറഞ്ഞ ചേട്ടൻമാർ മാഷിനെ കവർന്നെടുക്കാൻ തയ്യാറായി നിൽക്കുന്നുണ്ട്.
കവിത ചൊല്ലി കഴിഞ്ഞ ഉണ്ണി പിന്നെ അവിടെ നിന്നില്ല. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് നടന്നു. കവിതയുടെ അവസാന വരി അവൻ ഉരുവിട്ടു കൊണ്ടിരുന്നു - " നീയെങ്ങകന്നെൻ പൊൻതാരകമേ".... കുറച്ചു ദൂരെ മാഷ് ജമ്പോയുടെ കൂടെ സവാരിക്ക് പോവാറുള്ള മൈതാനത്തിലേക്ക് തുറിച്ചു നോക്കി അവൻ നടന്നു. അതേ വഴിയിൽ തന്നെയാണ് ആ അരുവി. ഒരു ദിവസം ജലത്തിൽ മോക്ഷം പ്രാപിക്കാനുള്ളതാണെന്ന് നേരത്തേ അറിഞ്ഞിട്ടായിരിക്കണം കായികാദ്ധ്യാപകനായിട്ടും മാഷിന് നീന്തൽ അത്ര വശമില്ലാതിരുന്നത്. എതിർവശത്തു നിന്നും ഒരു ജീപ്പ് വന്ന് ഉണ്ണിയുടെ മുന്നിൽ നിന്നു . അപ്പുറത്തെ വീട്ടിലെ ആന്റണി ചേട്ടനാണ്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നുള്ള മടക്കം. ഉണ്ണിയെ കണ്ട പുതുജീവൻ ചെറുതായൊന്ന് പുഞ്ചിരിച്ചു. ജീപ്പിന്റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു തോട് ചേർന്നു നിന്ന ഒരു കുഞ്ഞുതവള അരുവിയിലേക്ക് എടുത്തു ചാടി മുങ്ങാംകുഴിയിട്ടു. മാഷെ പോലെ മരണത്തിലേക്കല്ല, ജീവിതത്തിലേക്ക്.
# Hari | psychotux.com
#mentalHealth #family #love #compassion #nature #suicide
Comments
Post a Comment